ചെന്നൈ: ഇരുപത്തി രണ്ടുകാരനായ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹരന്‍ ആണ് കരൂരില്‍വെച്ച്‌ ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം, സംഭവം ദുരഭിമാനക്കൊലയാണെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കര്‍, കാര്‍ത്തികേയന്‍, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്. കരൂര്‍ കല്ല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച്‌ ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാര്‍ബറായ ഹരിഹരനും കരൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും കോളജ് പഠനകാലത്താണ് അടുപ്പത്തിലായത്. എന്നാല്‍ രണ്ടാഴ്ച മുമ്ബ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് നിര്‍ത്തി. ബന്ധുക്കളുടെ സമ്മര്‍ദമായിരുന്നു കാരണം.

നിരവധി തവണ ഹരിഹരന്‍ കാമുകിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാമുകിയെ കണ്ട് സംസാരിച്ച്‌ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു ഹരിഹരന്റെ വിശ്വാസം. ഇതറിഞ്ഞ യുവതിയും ബന്ധുക്കളും ബുധനാഴ്ച ഹരിഹരനെ നേരില്‍ക്കണ്ട് സംസാരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് വരാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിര്‍ദേശം.

തുടര്‍ന്ന് ബുധനാഴ്ച ഹരിഹരന്‍ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഇവിടെവെച്ച്‌ കാമുകിയും ഹരിഹരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു. കേസില്‍ യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു