ന്യൂഡല്‍ഹി: കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഉറാന് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അറബിക്കടലില്‍ നടന്ന നാവികാഭ്യാസത്തിനിടെ ചെറുയുദ്ധക്കപ്പലില്നിന്നു തൊടുത്ത മിസൈല്‍ കൃത്യമായി മറ്റൊരു കപ്പല്‍ മുക്കിക്കളയുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവികസേന പുറത്തുവിടുകയും ചെയ്തു.
ഐഎന്‍എസ് പ്രബല്‍ എന്ന ചെറുയുദ്ധക്കപ്പലില്‍ നിന്ന് തൊടുത്ത ഉറാന് മിസൈല്‍ ഇന്ത്യനേരത്തെ ഡീ കമ്മീഷന് ചെയ്ത ഗോദാവരി ക്ലാസ് ഫ്രിഗെറ്റാണ് തകര്‍ത്തത്.പരമാവധി ദൂരപരിധിയില്‍ വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ ഉറാന് കഴിഞ്ഞുവെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഐഎന്‍എസ് പ്രബലില്‍ 16 റഷ്യന്‍ നിര്‍മ്മിത കെഎച്ച്-35 ‘ഉറാന്’ കപ്പല്‍വേധ മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 130 കിലോമീറ്റര്‍ വരെയാണ് മിസൈലുകളുടെ പ്രഹരശേഷി.
വ്യാഴാഴ്ച നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന പടക്കപ്പലുകളുടെ യുദ്ധശേഷിയും മറ്റും വിലയിരുത്തി. ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് ചെന്നൈ തുടങ്ങിയ പോര്‍ക്കപ്പലുകളും രംഗത്തുണ്ടായിരുന്നു. ഐഎന്‍എസ് ചെന്നൈയില്‍നിന്ന് ബ്രഹ്മോസ് മിസൈലും പരീക്ഷിച്ചു.
കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ശത്രുസേനയുടെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കുന്ന ഐഎന്‍എസ് കവരത്തി യുദ്ധക്കപ്പല്‍ കമ്മിഷന് ചെയ്തിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പല്‍ എന്ന വിശേഷണത്തോടെയാണ് കവരത്തി എത്തുന്നത്. ഇന്തോ പസിഫിക് സമുദ്ര മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന നീക്കം നടത്തുന്ന സാഹചര്യത്തില്‍, കവരത്തിയുടെ വരവ് ഇന്ത്യയ്ക്കു കരുത്തു പകരും.
ഐഎന്‍എസ് കവരത്തി അന്തര്‍വാഹിനികളെ തകര്‍ക്കുന്ന മിസൈലുകള്‍ വഹിക്കും.
ശത്രു റഡാറുകളെ വെട്ടിക്കാനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ. കമാന്‍ഡിംഗ് ഓഫീസര്‍ സന്ദീപ് സിംഗിന്റെ നേതൃത്വത്തില്‍ 146 നാവികര്‍. ഈ പേരില്‍ മുമ്ബുണ്ടായിരുന്ന യുദ്ധക്കപ്പലിന്റെ പിന്‍ഗാമി. ആദ്യ കപ്പല്‍ 1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തില്‍ പങ്കെടുത്തു.
വീതി: 14മീറ്റര്‍
ഭാരം: 3300ടണ്‍
നീളം: 109 മീറ്റര്‍