ടെഹ്റാന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഉന്നത സൈനിക മേധാവി ആയിരുന്ന ജനറല്‍ ഖാസിം സൊലൈമാനിയുടെ വധത്തിലാണ് ട്രംപിനെ അറസ്റ്റ് ചെയ്യാനായി ഇറാന്‍ നീക്കം നടത്തുന്നത്.

ട്രംപിനെതിരെ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിപ്പിക്കണമെന്നും, മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും ഇറാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ ജുഡീഷ്യറി വക്താവ് ഗോലാംഹോസെന്‍ ഇസ്മായിലി പറഞ്ഞു.

സൊലൈമാനിയുടെ വധം വളരെ ഗൗരവത്തോടെയാണ് ഇറാന്‍ കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദില്‍ വെച്ച്‌ 2020 ജനുവരി മൂന്നിനാണ് സൊലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

രണ്ടാം തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ അന്താരാഷ്ട്ര സഹായം തേടുന്നത്. ജൂണില്‍ ടെഹ്റാന്‍ പ്രൊസിക്യൂട്ടര്‍ അലി അല്‍ഖാസിമെഹര്‍ ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇറാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. രാഷ്ട്രീയ, സൈനിക, മത, വംശീയ ഇടപെടലില്‍ കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി.