ഹൈദരബാദ്: ( 05.01.2021) ഒന്‍പതുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ് . ഹൈദരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഒന്‍പത് വയസുള്ള ആണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നും ഒരു എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്. തെലങ്കാനയിലെ മഹാബൂബ് നഗറില്‍ നിന്നുള്ള പ്രകാശ് എന്ന ഒന്പതുവയസുകാരനാണ് ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഒരു എല്‍ഇഡി ബള്‍ബ് വിഴുങ്ങിയത്.
ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടി എല്‍ഇഡി ബള്‍ബ് വിഴുങ്ങിയ കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാന്‍ ചെയ്തപ്പോഴാണ് ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ് കുടുങ്ങി കിടക്കുന്ന കാര്യം അറിയുന്നത്. ശ്വാസകോശത്തിന്റെ വലത് വശത്തായാണ് ബള്‍ബ് കണ്ടെത്തിയത്.
എല്‍ഇഡി ബള്‍ബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രോങ്കോസ്കോപ്പി നടത്തുകയും 10 മിനിറ്റിനുള്ളില്‍ ബള്‍ബ് പുറത്തെടുക്കുകയും ചെയ്തു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. ബള്‍ബ് പുറത്തെടുത്ത ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
‘സാധാരണയായി നാലോ അഞ്ചോ വയസ്സിന് താഴെയുള്ള കുട്ടികള്‍ നിലക്കടല, വിത്ത്, ചെറിയ കളിപ്പാട്ട ഭാഗങ്ങള്‍ തുടങ്ങിയവ വിഴുങ്ങിയ കേസുകള്‍ അധികവും വരാറുണ്ട്. എന്നാല്‍, ഇത് കൂടുതല്‍ ബുദ്ധിമുട്ടേറിയ കേസായിരുന്നു. കാരണം, ഈ എല്‍ഇഡി ബള്‍ബില്‍ മൂര്‍ച്ചയുള്ള മെറ്റല്‍ വയര്‍ ഭാഗമാണ് ഒരറ്റത്ത് ഉള്ളത്. ഇത് പ്രധാന ശ്വാസനാളത്തിന് (ശ്വാസനാളം) പരിക്കേല്‍ക്കാനോ ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയോ ചെയ്യുമായിരുന്നു. വസ്തു കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍, അത് നീക്കംചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണമാകും. അങ്ങനെ വന്നാല്‍ തുറന്ന ശസ്ത്രക്രിയ തന്നെ വേണ്ടിവരും,” ഡോക്ടര്‍ രഘു കാന്ത് പറയുന്നു.
ഏകദേശം 12 മണിക്കൂറിലധികം സമയം ഈ എല്‍ഇഡി ബാള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍ ഉണ്ടായിരുന്നു.