തിരുവനന്തപുരം: സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു.
തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബി.ജെ.പി പ്രവര്‍ത്തകരുമുണ്ടാവുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫാസില്‍ അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്ബതരയോടെയാണ് സംഭവം. ഗേറ്റിലടിച്ചു ഇയാള്‍ ബഹളംവെക്കുകയായിരുന്നു. കൃഷ്ണകുമാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ ചാടി അകത്തുകയറി. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചതോടെ പൊലീസിനെ വിളിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.