തായ്‌ലന്‍ഡില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു തുടങ്ങിയതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തലസ്ഥാനമായ ബാങ്കോക്ക് ഉള്‍പ്പെടെ 28 പ്രവിശ്യകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളുടെ സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ജനത്തിരക്കിന് സാധ്യതയുള്ള ചില വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാനും കൂട്ടംകൂടിയുള്ള ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചു. കോവിഡ് ഭീതിയുള്ള പ്രവിശ്യകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ജനുവരി അവസാനം വരെ തുടരും. ബാങ്കോക്കില്‍ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. ഷോപ്പിങ് സെന്ററുകളും റെസ്റ്റോറന്റുകളും ബ്ലൂട്ടി സലൂണുകളും കര്‍ശന യന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും. സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശമുണ്ട്. തായ്‌ലന്‍ഡില്‍ ഇന്നലെ 216 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.