ഏറെ പ്രതീക്ഷയോടെയാണ് സീസണ് ആരംഭിച്ചതെങ്കിലും താളം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ടേബിള്‍ റ്റോപ്പറായ മുംബൈ എഫ്സിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തന്റെ നിരാശ മറച്ചുവയ്ക്കാതെയാണ് പരിശീലകന് കിബു വികൂന സംസാരിച്ചത്.
“ആദ്യ പകുതിയില്‍ തന്നെ നമുക്ക് മത്സരം നഷ്ടപ്പെട്ടു. മുംബൈ സിറ്റി പോലൊരു മികച്ച ടീമിനെ ഇത്ര എളുപ്പം രണ്ട് ഗോളുകള്‍ നേടാന്‍ അനുവദിക്കരുത്. ഗോള്‍ നല്‍കുകയും സ്കോര്‍ ചെയ്യാന്‍ വന്ന അവസരങ്ങള്‍ പാഴാക്കുകയുമാണ് നമ്മള് ചെയ്തത്,” മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്ബ്യന്മാരാക്കിയ പരിശീലകന് പറഞ്ഞു.
ഒന്നിലേറെ മികച്ച അവസരങ്ങള്‍ വന്നു ചേര്‍ന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ ഗോള്‍ ടീമിന്റെ വലിയ പിഴവായിരുന്നെന്നും സ്പാനിഷ് പരിശീലകന് വിലയിരുത്തി.
” നമ്മള്‍ക്ക് ഒരുപാട് അവസരങ്ങള്‍ വന്നുചേര്‍ന്നു. മുംബൈക്കെതിരെ ഇത്രയും മികച്ച അവസരങ്ങള്‍ ലഭിച്ച വേറൊരു ടീം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഒന്നും തന്നെ ഗോളാക്കി മാറ്റാന്‍ നമുക്ക് സാധിച്ചില്ല,” വികൂന പറഞ്ഞു.
മലയാളി മധ്യനിരതാരം സഹല്‍ അബ്ദുല്‍ സമദിന് മുന്നില്‍ വളരെ മികച്ച അവസരമാണ് വന്നുചേര്‍ന്നത്. സഹല്‍ നല്ല താരമാണ്. സഹല്‍ ടീമിലുള്ളതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഫിനിഷിങ്ങിന്റെ കാര്യത്തില്‍ താരം ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നും കിബു വികൂന പറഞ്ഞു.
എട്ട് മത്സരങ്ങള്‍ പിന്നിടുമ്ബോള്‍ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒമ്ബതാം സ്ഥാനത്താണ്. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒടുവിലായുള്ള ഒഡീഷാ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.