കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കൊവിഷീല്‍ഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി.
വെള്ളിയാഴ്ച യോഗംചേര്‍ന്ന സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധസമിതിയാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ നല്‍കിയത്.
ഓക്സ്ഫഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നുകമ്ബനി ആസ്ട്രാസെനെക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ) ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ച് കോടി ഡോസുകള്‍ ഇതിനോടകം ഉല്‍പ്പാദിപ്പിച്ചു.
ഒരാള്‍ക്കുള്ള ഡോസ് കേന്ദ്രസര്‍ക്കാരിന് 440 രൂപ നിരക്കില്‍ ലഭിക്കും. സ്വകാര്യവിപണിയില്‍ 600–700 രൂപയാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുണാവാല പറഞ്ഞു. രണ്ടുമുതല്‍ എട്ട് ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് വാക്സിന്റെ സവിശേഷത.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സംഭരിക്കാനും വിതരണം ചെയ്യാനും ഇത് സഹായകമാകും. ശനിയാഴ്ച എല്ലാ സംസ്ഥാനങ്ങളിലും വാക്സിന് ഡ്രൈറണ്‍ തുടങ്ങും.
ആഗോളമരുന്ന് കമ്ബനി ഫൈസര്‍, ഭാരത് ബയോടെക് എന്നീ കമ്ബനികളും വാക്സിനുകള്‍ക്ക് അടിയന്തര അനുമതി തേടി വിദഗ്ധസമിതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഫൈസര്‍ പ്രതിനിധികള്‍ വീണ്ടും സമയം ചോദിച്ചു. ഭാരത് ബയോടെക് വിശദാംശങ്ങള്‍ കൈമാറി. ഉടന്‍ അനുമതി ലഭിച്ചേക്കും