മുസാഫര്‍നഗര്‍: മദ്യലഹരിയിലെത്തിയ പിതാവ് രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തി. യുപിയിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മയുടെ മടിയില്‍ കിടന്നിരുന്ന കുഞ്ഞാണ് പിതാവിന്റെ മര്‍ദനമേറ്റ് മരിച്ചത്.
താന ഭവന് പൊലീസ് സ്റ്റേഷന് പരിധിയിലെ കദേര്ഖര് ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്രൂരസംഭവം അരങ്ങേറിയത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവായ ദേവേന്ദര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യ രേണു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് പറയുന്നതനുസരിച്ച് സംഭവ ദിവസവും മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് പ്രതി വീട്ടിലെത്തിയത്. ഇതിനെച്ചൊല്ലി ഭാര്യ ഇയാളുമായി വഴക്കിട്ടു. ഇതില്‍ കുപിതനായ ദേവേന്ദര്‍ ഒരു വലിയ കമ്ബെടുത്ത് ഭാര്യയെ അടിക്കാന്‍ തുടങ്ങി. മടിയില്‍ കുഞ്ഞിനെയും വച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മര്‍ദനം. –
കുഞ്ഞ് കയ്യിലുണ്ടെന്ന പരിഗണന പോലും നല്‍കാതെ ക്രൂരമായി തല്ലിയെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഇതിനിടെ മടിയിലുണ്ടായിരുന്ന കുഞ്ഞിനും പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രേണുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ദേവേന്ദറിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. സംഭവ ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.