തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ചെന്നു താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കര്‍ഷക നിയമത്തെ നേരത്തെ അനുകൂലിച്ച ആളാണ് രാജേട്ടനെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നുമായിരുന്നു എം.ടി രമേശ് പറഞ്ഞത്.
‘അദ്ദേഹം പറഞ്ഞ കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിനുള്ള സാധ്യതയും ഞാന്‍ കാണുന്നില്ല. അതെന്താണെന്ന് പരിശോധിക്കാം. രാജേട്ടന് തന്നെ കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും സംസ്ഥാനത്തിന്റെ ഇത്തരം രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്.
നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയപ്പോള്‍ അതിന്റെ ഔചിത്യത്തെ കേരളജനതയ്ക്ക് മുന്‍പാകെ കൃത്യമായി ബോധ്യപ്പെടുത്തിയ ആളാണ് രാജേട്ടന്. അതുകൊണ്ട് തന്നെ ഞാനത് വിശ്വസിക്കുന്നില്ല. പരിശോധിച്ച ശേഷം കാര്യങ്ങള്‍ പറയാം’, എന്നായിരുന്നു എം.ടി രമേശ് പറഞ്ഞത്.