ന്യൂഡല്‍ഹി: പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. അങ്കിത് (24) ആണ് സുഹൃത്തായ രവിയെ കൊലപ്പെടുത്തിയത്. രവിക്ക് അങ്കിത് 77,000 കടമായി നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച പണം തിരികേ ആവശ്യപ്പെട്ട് അങ്കിത് രവിയെ ഫോണ്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ പണം നല്‍കാനാകില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമായിരുന്നു ലഭിച്ച മറുപടി.

ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രവിയുടെ വീട്ടിലെത്തിയ അങ്കിത് കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്കൂട്ടറില്‍ ദൂരെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

രാത്രി 12.45 ഓടെയാണ് മൃതദേഹവുമായി അങ്കിത് സ്കൂട്ടറില്‍ പുറപ്പെട്ടത്. അങ്കിതിന്റെ കയ്യിലുണ്ടായിരുന്ന അതേ ചാക്ക് തന്നെ പൊലീസ് പിന്നീട് കണ്ടെത്തി. ചാക്കില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ സമയത്താണ് അങ്കിത് രവിക്ക് പണം നല്‍കിയത്. ഏറെ തവണ പണം തിരികേ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.