മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോയുടെ വകയായി ഉപഭോക്താക്കള്‍ക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്നു മുതല്‍ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ നിര്‍ദേശപ്രകാരമാണിത്. 2019 സെപ്തംബറില്‍ ട്രായി ഐയുസി (ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജ്) നിരക്ക് ഈടാക്കുന്ന കാലാവധി നീട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതര നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഈടാക്കി തുടങ്ങിയത്.

”ഐയുസി ചാര്‍ജുകള്‍ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി ഒന്നുമുതല്‍ ജിയോയില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമായിരിക്കും”-ജിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജിയോയിലേക്കുള്ള കോളുകള്‍ നേരത്തെ തന്നെ സൗജന്യമായിരുന്നു. ട്രായി ഐയുസി നിരക്ക് എടുത്ത് കളയുന്നതുവരെ മാത്രമേ ജിയോ ചാര്‍ജ് ഈടാക്കുകയുള്ളൂവെന്ന് അന്നുതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.

സാധാരണക്കാര്‍ക്കെല്ലാം നൂതനമായ വോള്‍ട്ടെ സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കാന്‍ ജിയോ ബാധ്യസ്ഥരാണെന്ന് കമ്ബനി വ്യക്തമാക്കി. നിലവില്‍ 40.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഒക്ടോബറില്‍ മാത്രം 22 ലക്ഷം വരിക്കാരെ ചേര്‍ക്കാന്‍ ജിയോയ്ക്കായി. 2021 പകുതിയോടെ 5ജി നെറ്റ്‌വര്‍ക്ക് കമ്പനി അവതരിപ്പിച്ചേക്കും.