മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറുകയാണ്. കരുത്തരായ എതിരാളികളായ വോള്‍വ്സിനെയും മറികടന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ വോള്‍വ്സിനെ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അതും മത്സരത്തിന്റെ 95ആം മിനുട്ടില്‍ പിറന്ന ഗോളില്‍.

ഇന്നലെ അത്ര നല്ല തുടക്കമായിരുന്നില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. വോള്‍വ്സിന്റെ അറ്റാക്കാണ് ആദ്യ പത്ത് ഇരുപത് മിനുറ്റോളം മാഞ്ചസ്റ്ററില്‍ കാണാന്‍ ആയത്. പിന്നാലെ യുണൈറ്റഡ് താളം കണ്ടെത്തി. എങ്കിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുണൈറ്റഡ് പരാജയപ്പെട്ടു. ഇരു ടീമുകള്‍ക്കും മികച്ചത് എന്ന് പറയാന്‍ മാത്രം അവസരങ്ങള്‍ ഉണ്ടായില്ല.
മത്സരം നിശ്ചിത സമയവും കഴിഞ്ഞു സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഒരു പാസ് റാഷ്ഫോര്‍ഡിനെ കണ്ടെത്തിയത്. റാഷ്ഫോര്‍ഡിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനോടെ വോള്‍വ്സിന്റെ വലയില്‍ പതിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് പോയിന്റ് സ്വന്തം. ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 15 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റായി. 15 മത്സരങ്ങളില്‍ 32 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാമത് നില്‍ക്കുന്നത്.