കൊച്ചി: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിശദീകരിച്ച്‌ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച്‌ ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു തെളിവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.
എന്നാല്‍ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാവര്‍ത്തിച്ച്‌ കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തു. 7 തവണ സ്വപ്നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തിയിരുന്നു. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. ഈ യാത്രകളുടെയെല്ലാം ചിലവ് വഹിച്ചത് താനാണെന്ന് ശിവശങ്കര്‍ നേരത്തെ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ്് കോടതിയില്‍ ചോദിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുമ്ബോഴും യാത്രകള്‍ക്കൊന്നും രോഗം തടസമായിരുന്നില്ലേ എന്നും കസ്റ്റംസ് ചോദിക്കുന്നു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ 2015-ന് ശേഷം നിരവധി വിദേശ യാത്രകളാണ് ശിവശങ്കര്‍ നടത്തിയത്.