തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ മരിച്ച സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ പരാതിക്കാരിയ്ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തില്‍ കരണക്കാരിയായ സ്ത്രീക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ തര്‍ക്കഭൂമിയിലെ പരാതിക്കാരി നിലപാട് മാറ്റി. തന്റെ വസ്തു രാജന്റെ മക്കള്‍ക്ക് നല്‍കില്ലായെന്നാണ് പരാതിക്കാരി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.
ദമ്ബതികള്‍ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ അന്വേഷണ ചുമതല തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകിന്. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അതേസമയം, രണ്ടു മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതേസമയം, അച്ഛനെ അടക്കം ചെയ്ത മണ്ണില്‍ തന്നെ തങ്ങള്‍ക്ക് ജീവിക്കണമെന്ന് മകന്‍ രഞ്ജിത്ത് പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ തീകൊളുത്തിയ ദമ്ബതികള്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വീടുവച്ച്‌ നല്‍കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.