മെല്‍ബണ്‍: ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍.അശ്വിനെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച്‌ ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്.
താന്‍ ആഗ്രഹിക്കുന്നതുപോലെ അശ്വിന്റെ പന്തുകളെ നേരിടാന്‍ സാധിക്കുന്നില്ലെന്ന് സ്‌മിത്ത് പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റിന് ശേഷമാണ് സ്‌മിത്ത് ഇക്കാര്യം തുറന്നുസമ്മതിച്ചത്.
“അശ്വിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ആക്രമിച്ചു കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അത് സാധിക്കുന്നില്ല. ഞാന്‍ ആഗ്രഹിച്ചപോലെ അശ്വിന്റെ പന്തുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. ക്രിക്കറ്റ് കരിയറില്‍ ഒരു സ്‌പിന്നറെ നേരിടാന്‍ ഞാന്‍ ഇത്രത്തോളം ബുദ്ധിമുട്ടിയിട്ടില്ല. അശ്വിനെ ആക്രമിച്ചു കളിച്ചാല്‍ കാര്യങ്ങള്‍ എനിക്ക് അനുകൂലമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതിനു സാധിക്കാതെ പോയി. കരിയറില്‍ മറ്റൊരു സ്‌പിന്നറും ഇതുപോലെ എനിക്കുമേല്‍ ആധിപത്യം പുലര്‍ത്തിയിട്ടില്ല. കുറേനേരം ക്രീസില്‍ ചെലവഴിക്കാനായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍, ആ തന്ത്രവും ഫലം കണ്ടില്ല. എന്റെ പ്രകടനത്തില്‍ ഞാന്‍ നിരാശനാണ്. എന്നാല്‍, വരും മത്സരങ്ങളില്‍ താളം വീണ്ടെടുക്കും,” സ്‌മിത്ത് പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് തവണയാണ് സ്‌മിത്തിനെ അശ്വിന്‍ പുറത്താക്കിയത്. മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സംപൂജ്യനായാണ് സ്‌മിത്ത് മടങ്ങിയത്. ആദ്യ ഇന്നിങ്സില്‍ സ്‌മിത്ത് ആദ്യമായാണ് ഡക്കായി മടങ്ങുന്നത്. സ്‌മിത്തിനെ പൂജ്യത്തിനു മടക്കിയ നേട്ടം അശ്വിന്റെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനക്കാരനാണ് ഓസീസിന്റെ നെടുംതൂണ്‍ ആയ സ്‌മിത്ത്. ഐസിസിയുടെ ദശകത്തിലെ ടെസ്റ്റ് താരവും സ്‌മിത്താണ്.