ലക്നൗ : ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കൊറിഡോറിന്റെ (ഇഡിഎഫ്സി) ന്യൂ ഭൂപ്പൂര്-ന്യൂ ഖുര്‍ജ സെക്ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ 351 കിലോമീറ്റര്‍ ചരക്ക് ഇടനാഴിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇഡിഎഫ്സിയുടെ പ്രയാഗ്രാജിലുള്ള ഓപ്പറേഷന് കണ്ട്രോള് സെന്ററും(ഒസിസി) അദ്ദേഹം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
ചരക്ക് ഇടനാഴികളുടെ ഉപയോഗം എടുത്തുപറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷം വികസനത്തിനായി എന്താണ് ചെയ്തതെന്ന് ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഭരണകാലത്തുണ്ടായ നിക്ഷേപത്തിന്റെ അഭാവമാണ് റെയില്‍വെ വികസനത്തിന് തടസമായത്. ചരക്ക് ഇടനാഴികളുടെ നിര്‍മ്മാണത്തിനായുള്ള പദ്ധതി 2006 ല്‍ സര്‍ക്കാര്‍ പാസാക്കിയതാണ്. എന്നാല്‍ അതിന് തുടക്കം കുറിച്ചത് 2014 ലാണ്. അവസാന ആറ് വര്‍ഷത്തില്‍ 1100 കിലോമീറ്ററോളം പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
1875 കിലോമീറ്റര്‍ നീളമുള്ള ചരക്ക് ഇടനാഴി പഞ്ചാബിലെ ലുധിയാനയേയും പശ്ചിമ ബംഗാളിലെ ധാങ്കുനിയെയും ബന്ധിപ്പിക്കും. ചരക്ക് ട്രെയിനുകളുടെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ ചരക്ക് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
പ്രയാഗ്രാജിലെ ഓപ്പറേഷന് കണ്ട്രോള് സെന്റര്‍ ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തിക്കാണിക്കുന്ന അത്യാധുനിക ഘടകമാണ്. ചരക്ക് ഇടനാഴികളുടെ വികസനത്തോടെ കര്‍ഷകര്‍ക്ക് ഇനി ചരക്ക് നീക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും രാജ്യത്തിന്റെ വികസനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ റൂട്ടുകളുടെയും കമാന്റ് സെന്ററായ ഒസിസി ലോകത്തിലെതന്നെ ഏറ്റവും വലിയ നിയന്ത്രണ കേന്ദ്രങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കൊറിഡോറുകളുടെ വികസനവും പുരോഗമിക്കുകയാണ്. 1506 കിലോമീറ്റര്‍ നീളമുള്ള ചരക്ക് ഇടനാഴി ഉത്തര്‍പ്രദേശ് മുംബൈ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.
യുപി വികസനക്കുതിപ്പില്‍ ; പുതിയ ചരക്ക് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
