ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19A, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഇ.ഡി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്‌.

ബിനീഷ് അറസ്റ്റിലായി 60 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29നാണ് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.