മധ്യപ്രദേശ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മധ്യപ്രദേശിലെ സിങ്ക്റൗളി ജില്ലയിലാണ് സംഭവം. ജില്ലയിലെ സുഖാര്‍ ഗ്രാമത്തിലെ യുവതിയാണ് സ്വന്തം കുഞ്ഞിനെ തീകൊളുത്തി കൊന്നത്.

27 വയസ്സുള്ള ഗുഡ്ഡി സിങ് എന്ന യുവതിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അഞ്ച് മാസം പ്രായമുള്ള മകനെ എപ്പോഴാണ് തീകൊളുത്തിയതെന്ന് അറിയില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചിരിക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കുഞ്ഞ് നിര്‍ത്താതെ കര‍ഞ്ഞതോടെയാണ് അമ്മ തീകൊളുത്തിയതെന്ന് യുവതിയുടെ ഭര്‍തൃമാതാവ് പൊലീസിനെ അറിയിച്ചു. ഭര്‍തൃമാതാവ് തന്നെയാണ് സംഭവത്തില്‍ പരാതിയും നല്‍കിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ആണ്‍കുഞ്ഞിനെ കൂടാതെ മൂന്ന് പെണ്‍മക്കളുടെ കൂടി അമ്മയാണ് ഗുഡ്ഡി. നാലാമതായി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയെ സ്ഥലത്തുള്ള ‘മന്ത്രവാദി’ ചികിത്സിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുര്‍മന്ത്രവാദത്തിനായി യുവതിയെ ഉപയോഗിച്ച്‌ മകനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. യുവതിയുടെ ബന്ധുക്കളും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.