തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് തിരഞ്ഞെടുപ്പ്. ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ നിശ്ചയിക്കുക. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് നടക്കും.

കേവല ഭൂരിപക്ഷമില്ലാത്ത പലയിടങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണായകമാകും. കളമശ്ശേരില്‍ വിമതരുടെ അടക്കം പിന്തുണയോടെ ഇടത് മുന്നണിയ്ക്കും യുഡിഎഫിനും 20 വീതം സീറ്റുകളുണ്ട്. 41 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഒരു അംഗം ബിജെപിയുടേതാണ്.