പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരൂഹമായി പൊലീസിന്‍റെ മൊഴിയെടുപ്പ്.

തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പൊലീസുകാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി.

പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നല്‍കിയപ്പോള്‍ മരിച്ചു എന്നാണ് പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തിയത്.

ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുള്‍ക്കൊളളാതെയാണ് തന്റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേസില്‍ തുടരന്വേഷണമോ, പുനര്‍വിചാരണയോ തീരുമാനമാവാത്ത സാഹചര്യത്തില്‍ ഇത്തരം കീഴ്‌വഴക്കം പതിവില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേസ് വീണ്ടും അട്ടിമറിക്കപ്പെടും എന്നാണ് ആണ് വീട്ടുകാരുടെ ആശങ്ക.