ജയ്പൂര്‍: വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്കി ഭര്‍ത്താവ്. രാജസ്ഥാന് സ്വദേശിയായ ധര്‍മ്മേന്ദ്ര അനിജയാണ് ഭാര്യ സപ്ന അനിജയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനമായി ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി നല്‍കിയത്. ഭാര്യയ്ക്ക് എന്തെങ്കിലും പ്രത്യേക സമ്മാനം വാങ്ങി നല്‍കണമെന്ന ആഗ്രഹമാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ കാരണമെന്ന് ധര്‍മ്മേന്ദ്ര അനിജ പറയുന്നു.
ഡിസംബര്‍ 24 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. പലരും വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യമാര്‍ക്ക് കാര്‍, പണം, ജ്വല്ലറികള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് നല്‍കുക. എന്നാല്‍ വ്യത്യസ്തമായി എന്തെങ്കിലും നല്‍കണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ ചന്ദ്രനില്‍ ഭാര്യയ്ക്കായി വസ്തു വാങ്ങിയതെന്ന് ധര്‍മ്മേന്ദ്ര വ്യക്തമാക്കി.
ലൂണാ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ധര്‍മ്മേന്ദ്ര വസ്തു വാങ്ങിയത്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് ഇതിന്റെ പ്രക്രിയകളെല്ലാം പൂര്‍ത്തിയായത്. ഇപ്പോള്‍ വളരെ സന്തോഷവാനാണെന്നും ചന്ദ്രനില്‍ ഭൂമി വാങ്ങിയ ആദ്യ രാജസ്ഥാനി സ്വദേശിയായിരിക്കും താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും സവിശേഷമായ ഒരു സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്പന അനിജ പറഞ്ഞു. വിവാഹ വാര്‍ഷികാഘോഷ പാര്‍ട്ടിക്കിടെ പ്രോപ്പര്‍ട്ടി ഡോക്യുമെന്റ് ഭര്‍ത്താവ് സമ്മാനിച്ചുവെന്നും സ്പന വ്യക്തമാക്കി.
സുശാന്ത് സിംഗ് രാജ്പുത്ത്, ഷാരുഖ് ഖാന് എന്നിവരും നേരത്തെ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരുന്നു.