മൊണ്ട്രിയല്: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച കൂടുതല്‍ അപകടകാരിയായ വകഭേദം കാനഡയിലും കണ്ടെത്തി. ഡര്ഹാമില്നിന്നുള്ള ദമ്ബതികളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഇവര്‍ അടുത്ത കാലത്തൊന്നും വിദേശയാത്രകള്‍ ചെയ്യുകയോ സമ്ബര്‍ക്കത്തില്‍ വരികയോ ചെയ്തിട്ടില്ല. ഇരുവരും ക്വറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
പ്രവിശ്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്റാറിയോയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് ഒന്റാറിയോ. പ്രദേശത്തിന്റെ തെക്ക് 28 ദിവസവും വടക്ക് 14 ദിവസവും ലോക്ക്ഡൗണിലായിരിക്കും.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ യുകെയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ജനുവരി ആറുവരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. ശനിയാഴ്ച വരെ, കാനഡയില്‍ 534,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14,700 ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.