പത്തനംതിട്ട: കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചും തീര്‍ത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയില്‍ ഇന്നലെ മണ്ഡല പൂജയോടെ നദ അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട 30 ന് വൈകിട്ട് തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. ഡിസംബര്‍ 31 മുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. അര്ടിപിസിആര് പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.
ഒരു ദിവസം 3000 പേര്‍ക്കാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു ദിവസം 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഈ മണ്ഡകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് 71,706 പേര് മാത്രമാണ്. തീര്‍ത്ഥാടന കാലയളവില്‍ ഇതുവരെ 390 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 289 പേര് വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. ഇതില്‍ 160 പൊലീസുകാരും, 88 ദേവസ്വം സ്റ്റാഫും ഉള്‍പ്പെടുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത് 96 തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നും തിരിച്ചയച്ചു. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേര്‍ക്ക് ദര്‍ശനം നല്‍കും. ഈ കാലയളവില്‍ ആര്‍ടി- പി.സിആറിന് പകരം ആര്.ടി.പി.സി. ലാമ്ബ് ഫലം മതിയാകുമെന്നും എന്‍ വാസു പറഞ്ഞു.
അതേസമയം ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ദൈനംദിന പ്രവര്‍ത്തനത്തിന് പോലും ഇപ്പോഴത്തെ വരുമാനം തികയാത്ത സ്ഥിതിയാണ്. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.