കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന് അടുത്ത ഞായറാഴ്ച മുതലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച വിജയകരമായി തുടക്കം കുറിച്ചിരുന്നു.
മിഷ്രഫ് ഫെയര്‍ ഗ്രൗണ്ടിലെ കുവൈറ്റ് സെന്റര്‍ ഫോര്‍ വാക്സിനേഷന് സെന്ററിലെ അഞ്ചാം നമ്ബര്‍ ഹാളില്‍ വാക്സിനേഷനു വേണ്ടിയുള്ള മെഡിക്കല്‍ സ്റ്റാഫ് സജ്ജമാണ്. പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബാഹ്, ആരോഗ്യമന്ത്രി ബാസില്‍ ഹമൂദ് സബാഹ്, ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ്, മറ്റു മന്ത്രിമാര്‍, ദേശീയ അസംബ്ലി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
നിലവില്‍ പതിനായിരത്തോളം അപേക്ഷകളാണ് വാക്സിനേഷനു വേണ്ടിയുള്ളത്. ജഹ്റ, അഹ്മദി ഗവര്‍ണറേറ്റുകളില്‍ ഉടന്‍ വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. മിഷ്രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ ആദ്യ ഘട്ടത്തില്‍ പ്രതിദിനം ആയിരത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് ലഭ്യമായ ഫൈസര്‍ വാക്സിന് 75000-ത്തോളം പേര്‍ക്ക് മതിയെന്നാണ് സൂചന.