ഉദയ്പുര്‍: പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും സാമ്പത്തിക പരാധീനതകള്‍ പലപ്പോഴും തളര്‍ത്തിയിട്ടും പിന്മാറാതെ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നീതിപീഠത്തിലേക്ക് ഉദിച്ചുയര്‍ന്നിരിക്കുകയാണ് സോനാല്‍ ശര്‍മ്മ എന്ന ഈ 26കാരി.
കഠിനാധ്വാനവും പിന്മാറാതെ പോരാടാനുള്ള മനസും ഉണ്ടെങ്കില്‍ നമ്മുടെ കഴിവുകള്‍ തേച്ച്മിനുക്കി ഉയരങ്ങളിലേക്ക് എത്താമെന്ന് സോനാല്‍ തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയാണ്. രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസില്‍ ജഡ്ജിയാവാന്‍ ഒരുങ്ങുകയാണ് സോനാല്‍.
കഠിനാധ്വാനം ചെയ്യാന്‍ മനസ്സുണ്ടെങ്കില്‍ ഏതു സ്വപ്നവും സാക്ഷാത്കരിക്കാമെന്നു തെളിയിച്ച ഉദയ്പൂര്‍ സ്വദേശിയായ സോനാലിന്റെ പിതാവ് ക്ഷീരകര്‍ഷകനാണ്.
രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് സ്വന്തമാക്കിയാണ് സോനാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭാഗമാകുന്നത്. മുമ്ബ് ബിഎ, എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകളില്‍ ഉന്നജത വിജയവും സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെയുള്ളവയും സോനാല്‍ കരസ്ഥമാക്കിയിരുന്നു.
ഒരുവര്‍ഷത്തെ പരിശീലനത്തിനു ശേഷം രാജസ്ഥാന് സെഷന്‍സ് കോര്‍ട്ടില്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയാണ് നിയമനം ലഭിക്കുക. പാല്വില്പനക്കാരനായ അച്ഛന് നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ഈ വിജയമെന്ന് സോനാല്‍ പറയുന്നു. 2018ലാണ് സോനാല്‍ ജുഡീഷ്യല്‍ പരീക്ഷ പാസായത്.
2019ല്‍ ആര്‍ജെഎസ് പരീക്ഷയുടെ ഫലം പുറത്തുവന്നിരുന്നെങ്കിലും സോനാല്‍ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഏഴ് ഉദ്യോഗാര്‍ഥികള്‍ ഇതുവരെയും ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ സൊനാല്‍ തന്നെ സെപ്തംബറില്‍ രാജസ്ഥാന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവില്‍ പ്രവേശിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്.
പരിശീലനമോ പ്രത്യേക ട്യൂഷനുകളോ ഒന്നുമില്ലാതെയാണ് സോനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങാനുള്ള പണം ഇല്ലാത്തതുമൂലം നേരത്തേ കോളേജിലെത്തി ലൈബ്രറിയിലിരുന്നാണ് വായിച്ച് പഠിച്ചാണ് നേട്ടങ്ങളെല്ലാം കൊയ്തത്.
ഉദയ്പുരിലെ ക്ഷീരകര്‍ഷകനായ ഖ്യാലി ലാല്‍ ശര്‍മ്മയുടെ നാലുമക്കളില്‍ രണ്ടാമത്തെ ആളാണ് സൊനാല്‍. ചിട്ടയായ പഠനം മാത്രമല്ല, അച്ഛനോടൊപ്പം പശുപരിപാലനവും സോനാലിന്റെ പ്രത്യേകതയാണ്.
പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്ക്കുന്ന സോനാല്‍ അച്ഛനൊപ്പം പശുക്കളെ കറക്കാനും തൊഴുത്ത് വൃത്തിയാക്കാനും പാല് വിതരണം ചെയ്യാനുമൊക്കെ സജീവമായുണ്ടാവും. തൊഴുത്തിനു വശത്തായി എണ്ണപാത്രങ്ങള്‍ കമിഴ്ത്തി വച്ചാണ് പഠനമേശയാക്കിയത്.
പണ്ടൊക്കെ സ്കൂളില്‍ പോകുമ്ബോള്‍ ചാണകം മണക്കുന്ന ചെരുപ്പുകളോര്ത്ത് ലജ്ജ തോന്നിയിരുന്നെന്നും എന്നാല്‍ ഇന്ന് ഒരു ക്ഷീരകര്‍ഷകന്റെ മകള്‍ ആണെന്നതില്‍ അഭിമാനിക്കുന്നുവെന്നും സോനാല്‍ പറയുന്നു.