പാലക്കാട് : പാലക്കാട് തേങ്കുറുശ്ശിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യാപിതാവും അമ്മാവനും പിടിയില്‍. മാനാംകുളമ്ബ് സ്കൂളിനു സമീപം കൊല്ലപ്പെട്ട അനീഷിന്റെ (അപ്പു 27) ഭാര്യ ഹരിതയുടെ അച്ഛന് പ്രഭുകുമാറും അമ്മാവന് രതീഷുമാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടാണ് അനീഷ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിട്ടുണ്ട്. രതീഷ് വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും എന്നാല്‍ ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
വ്യത്യസ്ത ജാതിയില്‍പെട്ട അനീഷും ഹരിതയും സ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇവര്‍ മൂന്നു മാസം മുന്‍പ് റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇതില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
മൂന്നു മാസം തികയുന്നതിന്റെ തലേന്നാണ് അനീഷ് കൊല്ലപ്പെട്ടത്. സഹോദരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അനീഷ് ഒരു കടയില്‍ കയറാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചരുന്നു.