ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ഏറ്റവും വലിയ മത്സരത്തില്‍ ആഴ്സണല്‍ ചെല്‍സിയെ നേരിടും. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ന് ലണ്ടണിലെ രണ്ടു ശക്തികള്‍ ഏറ്റുമുട്ടുന്നത്. വളരെ മോശം ഫോമില്‍ ഉള്ള ആഴ്സണല്‍ ഒരു മത്സരം വിജയിച്ചിട്ട് കാലം ഏറെയായി. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ആഴ്സണല്‍ വലിയ പരാജയം നേരിട്ടിരുന്നു.

ഇപ്പോള്‍ ലീഗില്‍ 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് മാത്രമാണ് ആഴ്സണലിന് ഉള്ളത്. 1974നു ശേഷമുള്ള ആഴ്സണലിന്റെ ഏറ്റവും മോശം റെക്കോര്‍ഡാണിത്. ലീഗില്‍ ഇപ്പോള്‍ 15ആം സ്ഥാനത്താണ് ആഴ്സണല്‍ ഉള്ളത്. ഇനിയും പരാജയപ്പെട്ടാല്‍ അവര്‍ റിലഗേഷന്‍ ഭയക്കേണ്ടി വരും. അര്‍ട്ടേറ്റയുടെ ജോലിയും പോകാന്‍ സാധ്യത ഉണ്ട്. ഇന്ന് അവരുടെ ക്യാപ്റ്റന്‍ ഒബാമയങ്ങ് പരിക്ക് കാരണം കളിക്കാനും സാധ്യതയില്ല.

ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. അത്ര നല്ല ഫോമില്‍ അല്ല ചെല്‍സിയും ഉള്ളത്. എങ്കിലും അവസാന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചത് ചെല്‍സിയെ തിരികെ ഫോമില്‍ എത്തിയിട്ടുണ്ട്. പരിക്ക് മാറാത്ത സിയെച് ഇന്ന് കളിക്കില്ല. ചില്‍വെല്‍, റീസ് ജെയിംസ് എന്നിവര്‍ കളിക്കുന്നതും സംശയമാണ്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്.