ഹൈദരാബാദ് : തദ്ദേശീയമായി നിര്‍മ്മിച്ച കൊറോണ വാക്സിനായ കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി വീണ്ടും അനുമതി തേടി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ( ഡിസിജിഐ) അപേക്ഷ നല്കി. ഇത് രണ്ടാം തവണയാണ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ആവശ്യപ്പെട്ട് കമ്പനി ഡിസിജിഐയെ സമീപിക്കുന്നത്.
മറ്റ് രാജ്യങ്ങള്‍ വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്കിയ സാഹചര്യത്തില്‍ ഡിസംബര്‍ ഏഴിനാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചത്. എന്നാല്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഡിസിജിഐ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ കൂടി പരിഹരിച്ചാണ് ഭാരത് ബയോടെക് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കൊവാക്സിന് വികസിപ്പിച്ചത്. നിലവില്‍ 25 കേന്ദ്രങ്ങളിലായി മൂന്നാം വട്ട പരീക്ഷണം പുരോഗമിക്കുന്ന വാക്സിന് 26,000 സന്നദ്ധ പ്രവര്‍ത്തകരിലാണ് പരീക്ഷിച്ചിരിക്കുന്നത്.
അതേസമയം ഭാരത് ബയോടെകിന് പിന്നാലെ കൊവിഷീല്‍ഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിസിജിഐയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ നിര്‍ദ്ദേശം ഡിസിജിഐയ്ക്ക് നല്‍കിയിട്ടുണ്ട്.