ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിദിനം അയ്യായിരം ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി.
നിലവില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയര്‍ത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേര് ഇപ്പോള്‍ മലചവിട്ടുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കാണ് അനുവാദം. ഇത് പതിനായിരമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് 5000 പേരെ അനുവദിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയത്. കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും അടക്കമുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. ജസ്റ്റിസ് സി. ടി രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു തീരുമാനം. ഹൈക്കോടതി യുക്തമായ രേഖകളൊന്നും പരിശോധിക്കാതെ തീരുമാനം കൈക്കൊണ്ടെന്നാണ് കേരളത്തിന്റെ വാദം.
ബ്രിട്ടണ് ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. ശബരിമലയില്‍ ഇതിനോടകം തന്നെ പൊലീസുകാരുള്‍പ്പടെ 250 ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരും ഉള്‍പ്പെടും. അതുകൊണ്ട് മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേസ് വെക്കേഷന് ബെഞ്ച് തന്നെ പരിഗണിക്കണം എന്നാതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.