ഫാഷന്‍ ഡിസൈനറും പ്രശസ്ത ബ്രിട്ടീഷ് മോഡലുമായ സ്റ്റെല്ലാ ടെനന്റ് അന്തരിച്ചു. അമ്പതുകാരിയായ സ്റ്റെല്ല മരിച്ച വിവരം പുറത്തുവിട്ട കുടുംബാംഗങ്ങള്‍ മരണകാരണത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഡിസംബര്‍ 22ന് സ്റ്റെല്ലാ ടെനറ്റ് അന്തരിച്ച വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.
സ്റ്റെല്ല അസാമാന്യ കഴിവുകളുള്ള സ്ത്രീയായിരുന്നെന്നും എല്ലാവര്ക്കും പ്രചോദനമായി നിലകൊള്ളുമെന്നും പ്രസ്താവനയില്‍ പറയുന്നു. അനുസ്മരണ ചടങ്ങുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്. സ്റ്റെല്ലയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് സ്കോട്ലന്റ് പോലീസ് അറിയിച്ചു.
1990കളിലെ മുന്‍നിര മോഡലായിരുന്നു സ്റ്റെല്ല. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായിരുന്ന കാള്‍ ലേജര്ഫെല്ഡ്, ജിയാനി വേഴ്സെയ്സ് തുടങ്ങിയവരുടെ പ്രിയപ്പെട്ട മോഡലുമായിരുന്നു സ്റ്റെല്ല.
നിരവധി പേരാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. മറ്റാര്‍ക്കും പകരം വെക്കാനാവാത്ത കഴിവുകളുള്ള മോഡലായിരുന്നു സ്റ്റെല്ലയെന്ന് ഫാഷന്‍ ഡിസൈനര്‍ മാര്‍ക് ജേക്കബ്സ് പറയുന്നു.
സ്റ്റെല്ലയുടെ സൗന്ദര്യവും ശരീരഭാഷയും പെരുമാറ്റവും ദയയും നര്മബേധവും വ്യക്തിത്വവുമെല്ലാം പകരെവക്കാനാവാത്തതായിരുന്നു. ഡേവിഡിനും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നു. ഹൃദയം തകര്‍ക്കുന്ന നഷ്ടം- എന്നാണ് ജേകബ്സ് കുറിച്ചത്. ഫാഷന്‍ ഹൗസ് വേഴ്സെയ്സും ഫാഷന്‍ ഡിസൈനര്‍ സ്റ്റെല്ലാ മെകാര്ട്നിയും അനുശോചനം രേഖപ്പെടുത്തി. ഇതിനകം ഞെട്ടിപ്പിച്ച ഈ വര്‍ഷത്തിലെ ഭയാനകവും സങ്കടപ്പെടുത്തുന്നതുമായ വാര്‍ത്ത എന്നാണ് സ്റ്റെല്ല കുറിച്ചത്.
പതിനൊന്നാമത് ഡെവന്‍ഷെയര്‍ ഡ്യൂക് (ഇംഗ്ലണ്ടിലെ കാവെന്‍ഡിഷ് കുടുംബം കൈവശം വച്ചിരിക്കുന്ന പദവി) ആന്‍ഡ്ര്യൂ കാവെന്ഡിഷിന്റെയും എഴുത്തുകാരിയുമായി പ്രഭ്വിയുമായ ഡെബോറാ മിറ്റ്ഫോര്ഡിന്റെയും കൊച്ചുമകളാണ് സ്റ്റെല്ല. 1999ല്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഡേവിഡ് ലേസ്നെറ്റിനെ വിവാഹം കഴിച്ച സ്റ്റെല്ലയ്ക്ക് നാലു മക്കളുമുണ്ട്.