ദീപാവലിയോട് അനുബന്ധിച്ച്‌ നടന്ന ലക്ഷ്മീ പൂജയ്ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചെലവഴിച്ചത് ആറു കോടിരൂപ. സഖേത് ഗോഖലെ എന്ന പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഇക്കാര്യങ്ങള്‍ അടങ്ങുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

നവംബര്‍ 14 നാണ് ലക്ഷ്മി പൂജ ചടങ്ങ് നടന്ന്ത്. ഈ പരിപാടിക്ക് അരവിന്ദ് കെജ്രിവാള്‍ 6 കോടി രൂപയാണ് ചെലവഴിച്ചത്. മിനിട്ടില്‍ 20 ലക്ഷം എന്ന കണക്കില്‍ ചെലവഴിച്ചുവെന്നാണ് രേഖകള്‍. അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന മെഗാ പരിപാടിയില്‍ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കി ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കൊവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ പണം ചിലവഴിക്കുന്നത് ധൂര്‍ത്താണെന്ന് ആരോപിച്ച്‌ നിരവധി പേര്‍ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശമ്ബളത്തിനായി പട്ടിണി സമരം നടത്തുമ്പോഴാണ് ആം ആദ്മി സര്‍ക്കാരിന്റെ കോടികള്‍ പൊടിച്ചുള്ള ഈ നടപടി.