തിരുവനന്തപുരം : 28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334- ാം നമ്പര്‍ തടവുകാരനാണ്. ഇതേ കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ ത‍ടവുകാരിയാണു സിസ്റ്റര്‍ സെഫി. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. സിസ്റ്റര്‍ സെ‍ഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സിസ്റ്റര്‍ സെഫി വിമുഖത കാട്ടിയിരുന്നു.

ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. കിടക്കാന്‍ പോലും കൂട്ടാക്കിയില്ല. കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാര്‍പ്പിച്ചത്. ക്വാറന്റീന്‍ കാലയളവ് അവസാനിച്ചാല്‍ ഫാ. കോ‍ട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും. ഫാ. കോട്ടൂര്‍ ദൈനം ദിന മരുന്നുകള്‍ കഴിച്ച ശേഷം അവിടെ ഉണ്ടായിരുന്ന പായയില്‍ കിടന്നു രാത്രി മുഴുവന്‍ നന്നായി ഉറങ്ങി.

ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു എത്തിയിട്ടുള്ള ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്.