പത്തനംതിട്ട :ശബരിമലയില്‍ ഡിസംബര്‍ 26ന് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കും. അതോടെ ഈ വര്‍ഷത്തെ മണ്ഡല കാലത്തിന് സമാപനമാകും. അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷ യാത്ര ഈ മാസം 25ന് വൈകീട്ടാണ് സന്നിദാനത്തെത്തുക. പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച്‌ സോപാനത്തിലേക്ക് ആനയിക്കും

പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും ഉണ്ട്. രാത്രി 8.30ന് അത്താഴ പൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് നട അടയ്ക്കും. 26 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 26ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ.