നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് സ്പിന്നറാണ് രവിചന്ദ്രന്‍ അശ്വിന്. ഓസ്ട്രേലിയയുടെ സ്പിന്നര്‍ നതാന്‍ ലയോണും. എന്നാല്‍ തങ്ങള്‍ ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നാണ് രണ്ടാം ടെസ്റ്റിന് മുന്നോടിയായി നതാന്‍ ലയോണ്‍ പറയുന്നത്.
‘അശ്വിന് ലോകോത്തര ബൗളറാണ്. മുന്‍പ് ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ അദ്ദേഹത്തെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പന്തുകളെറിയാന്‍ ആശ്വിന് സാധിക്കുന്നു’, ലയോണ്‍ അറിയിച്ചു.
കൗശലക്കാരനെന്നാണ് അശ്വിനെ ലയോണ്‍ വിശേഷിപ്പിക്കുന്നത്. ‘പന്തിന്റെ വേഗത്തില്‍ അദ്ദേഹം നടത്തുന്ന കൗശലം പലപ്പോഴും ബാറ്റ്സ്മാനെ കുഴക്കുന്നു. അതുകൊണ്ട് അശ്വിനുമായി എന്നെ താരതമ്യം ചെയ്യുന്നത് നീതിയല്ല. റെക്കോര്‍ഡുകളാണ് അശ്വിന് വേണ്ടി സംസാരിക്കുന്നത്’, 33 -കാരനായ ലയോണ്‍ അറിയിച്ചു.
നിലവില്‍ ഇന്ത്യയുടെ പ്രീമിയം സ്പിന്നര്‍മാരില്‍ ഒരാളാണ് രവിചന്ദ്രന്‍ അശ്വിന്. 72 ടെസ്റ്റ് മത്സരങ്ങള്‍ താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. നേടിയതാകട്ടെ 370 വിക്കറ്റുകളും.
വിക്കറ്റുവേട്ടയുടെ കാര്യത്തില്‍ നതാന്‍ ലോയണും ഒട്ടും പിന്നിലല്ല. ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് ലയോണുള്ളത്. 97 ടെസ്റ്റുകളില്‍ നിന്നും 391 വിക്കറ്റുകള്‍ താരം ഇതുവരെ കയ്യടക്കിക്കഴിഞ്ഞു.
വിശേഷപ്പെട്ട 400 ആം വിക്കറ്റ് ആരായിരിക്കണമെന്ന ചോദ്യത്തിന് ആരായാലും കുഴപ്പമില്ലെന്ന മറുപടിയാണ് ലയോണ്‍ നല്‍കുന്നത്. ‘400 -മത്തെ വിക്കറ്റ് ആരായാലും കുഴപ്പമില്ല. മായങ്ക് അഗര്വാളായാലും ജസ്പ്രീത് ബുംറയായാലും സന്തോഷംതന്നെ. 400 വിക്കറ്റുകള്‍ തികയ്ക്കുകയാണ് ഏറ്റവും പ്രധാനം’, ലയോണ്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ബൗളിങ് നിര ടെസ്റ്റിലെ ഏറ്റവും മികച്ച പക്ഷമാണെന്നാണ് ലയോണിന്റെ വിലയിരുത്തല്‍. ഈ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്നും താരം പറയുന്നു. ഡിസംബര്‍ 26 -നാണ് ബോക്സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് തുടക്കമാവുന്നത്.
അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ രണ്ടാമങ്കത്തിന് ഇറങ്ങുക. ഇത്തവണ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പൃഥ്വി ഷാ, വൃധിമാന്‍ സാഹ എന്നിവര്‍ പുറത്തുപോകാന്‍ സാധ്യതയേറെ. പകരം ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും കടന്നുവരും. മധ്യനിരയില്‍ വിരാട് കോലിക്ക് പകരം കെഎല്‍ രാഹുല്‍ കളിക്കുമെന്നാണ് വിവരം.
സിഡ്നിയിലാണ് പരമ്ബരയിലെ മൂന്നാമത്തെ ടെസ്റ്റ്. എന്നാല്‍ സിഡ്നി നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ ടെസ്റ്റ് തീരുമാനിച്ച പ്രകാരം നടക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.