ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റിന് ഓസ്ട്രേലിയയെ നേരിടാന്‍ ഇറങ്ങുമ്ബോള്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പുറമെ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയ വിരാട് കോഹ്‌ലി രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന അജിങ്കെ രഹാനെ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് സ്ഥാനമായ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നും അഞ്ചാം സ്ഥാനത്ത് കെ.എല്‍ രാഹുല്‍ ബാറ്റ് ചെയ്യണമെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ആറാം സ്ഥാനത്ത് റിഷഭ് പന്ത് ഇറങ്ങണമെന്നും തുടര്‍ന്ന് സ്പിന്നര്‍മാരായ അശ്വിനും ജഡേജയും ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്നും ഗംഭീര്‍ പറഞ്ഞു. കൂടാതെ ആത്മവിശ്വാസ കുറവുള്ള ഓപ്പണിങ് ബാറ്റ്സ്മാന്‍ പൃഥ്വി ഷാക്ക് പകരം ശുഭ്മന്‍ ഗില്ലിനെ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി ഇറക്കണമെന്നും ഗംഭീര്‍ പറഞ്ഞു.