പത്തനംതിട്ട | കാല് നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ തന്റെ ഔദ്യോഗിക ജീവിതത്തിലെ കാഠിന്യമേറിയ നാളുകള്‍ ഓര്‍മിച്ചെടുത്ത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്. അഭയയെ കൊലപ്പെടുത്തിയതാണെന്നും പ്രതികള്‍ കുറ്റക്കാരാണെന്നും കണ്ടെത്തിയ മുന്‍ സി ബി ഐ. ഡിവൈ എസ് പി വര്‍ഗീസ് പി തോമസാണ് തന്റെ കേസന്വേഷണ നാളുകളില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ നിറകണ്ണുകളുമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിവരിച്ചത്.
സന്തോഷം കൊണ്ടാണ് കണ്ണുനിറഞ്ഞുപോകുന്നതെന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്കിയ വര്‍ഗീസ് പി തോമസ് സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനാണ് വി ആര് എസ് എടുത്തതെന്ന് വ്യക്തമാക്കി.
സത്യത്തിന് വേണ്ടി നിലകൊണ്ടതിന് കൊടുത്ത വിലയാണ് എന്റെ വി ആര് എസ്. 10 വര്‍ഷം ബാക്കിയുള്ളപ്പോഴാണ് വി ആര് എസ് എടുത്തത്. തന്റെ കൂടെയുണ്ടായിരുന്നവരില്‍ പലരും ഡി ഐ ജിമാരായി. തെറ്റായത് അനുസരിയ്ക്കാന്‍ മനസ് അനുവദിച്ചില്ല. എനിക്ക് ക്ലിയറായ ട്രാക്ക് റെക്കോര്‍ഡാണ്. ഞാനും അവിടെയെത്തിയേനെ. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയുകയില്ലെന്ന് ബോധ്യമായപ്പോഴാണ് അങ്ങനെ ഒരു തീരുമാനം എടുത്ത്. അത് പൂര്‍ണമായും എന്റെ തീരുമാനം ആയിരുന്നു. പോലീസിലായാലും ഡിഫന്‍സിലായാലും മേലുദ്യോഗസ്ഥന് പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടാകും. എനിക്ക് മുമ്ബില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സ്ഥലംമാറ്റം തരാമെന്ന് അന്നത്തെ സി ബി ഐ അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞതാണ്.
പക്ഷേ അന്ന് ട്രാന്‍സ്ഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അത് ജനം തെറ്റിദ്ധരിക്കുമായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിരുന്നില്ല. പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ എന്ന് ജനം കരുതുന്ന ഒന്ന് എന്റെ ഇമേജിന് ബ്ലാക് മാര്ക്കായിരിക്കുമെന്നതിനാലാണ് ജോലി ഉപേക്ഷിച്ചത്. തന്റെ അന്വേഷണം സത്യസന്ധമായിരുന്നു. അതിനുള്ള തെളിവാണ് കോടതി വിധി. ‘വ്യക്തമായ തെളിവുള്ള കേസാണിത്. കോടതിയുടെ മുന്പില് അവതരിപ്പിക്കുപ്പെട്ട തെളിവുകളുടെ മുന്നില്‍ കോടതിക്ക് തീരുമാനം എടുത്തേ പറ്റൂ. ശിക്ഷ വിധിക്കുന്നത് കോടതിയാണ്. കൊലപാതകമെന്ന് തെളിഞ്ഞ കേസില്‍ ജീവപര്യന്തെങ്കിലും കൊടുത്തേ പറ്റൂ എന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു.
അന്നത്തെ സി ബി ഐ. എസ് പിയായിരുന്ന വി ത്യാഗരാജന്റെ സമ്മര്‍ദം ഉണ്ടായിരുന്നു. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകം അല്ല ആത്മഹത്യയായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ത്യാഗരാജന് ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ വര്‍ഗീസ് പി തോമസ് അഭയയുടെ മരണം കൊലപാതകം ആണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം 1993 ഡിസംബറില്‍ വി ആര് എസ് എടുക്കുകയായിരുന്നു.