പത്തനംതിട്ട:യാത്രയ്ക്കിടെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ യാത്രക്കാരായ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതുശേരി-പുറമറ്റം റോഡില്‍ മാരുമണ്ണില്പടിയിലായിരുന്നു സംഭവം. മുടനാംകുഴിയില് എസ് ജെ വില്ലയില്‍ ജോര്‍ജ് ജോസഫിന്റെ കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. ജോര്‍ജ് ജോസഫും ഭാര്യ ഏലിയാമ്മ ജോസഫും സമീപവാസിയായ തേക്കുന്തല വീട്ടില്‍ ഏലിയാമ്മ ജോര്‍ജും തുരുത്തിക്കാട് ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
മുഖാവരണം എടുക്കാന്‍ മറന്ന ജോസഫ് കാര്‍ റോഡില്‍ നിര്‍ത്തിയിട്ട ശേഷം വീട്ടിലേക്ക് കയറുമ്ബോള്‍ എന്ജിന് ഭാഗത്തുനിന്ന് പുക ഉയരുകയും തുടര്‍ന്ന് തീ പടരുകയുമായിരുന്നു. ഈ സമയം പിന്നിലെ സീറ്റിലിരുന്ന ജോര്‍ജിന്റെ ഭാര്യയും സമീപവാസിയായ സ്ത്രീയും പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. തിരുവല്ലയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.