കൊച്ചി : തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ബി ജെ പിക്കെതിരെ ഒത്തുകളിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തെ ഇരുപത്തിയഞ്ചോളം പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ധാരണയുണ്ടാക്കി ബി ജെ പിക്ക് അധികാരം നിഷേധിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഈ ഒത്തുകളി തുടര്‍ന്നാല്‍ പല കൊലകൊമ്ബന്മാരും നിയമസഭ കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരളത്തിലെ ഭൂരിപക്ഷം മുന്‍സിപ്പാലിറ്റികളിലും ബിജെപി പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്.എന്‍ഡിഎ ശക്തമായ സ്ഥലങ്ങളില്‍ ത്രികോണ മത്സരമുണ്ടായില്ല എന്നതാണ് ഇക്കുറി ഉണ്ടായ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
1200 ഓളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് – യുഡിഎഫ് ധാരണയുണ്ടായിരുന്നു. ഞങ്ങളെ തോല്‍പ്പിക്കാന്‍ ധാരണയുണ്ടാക്കിയ കോണ്‍ഗ്രസിന്റെ കഥ പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ മട്ടാണ്. യാദവകുലം പോലെ ബിജെപി മുടിയും എന്ന് പറഞ്ഞ ചെന്നിത്തലയാണ് ബിജെപിയെ തോല്പിക്കാന് നേതൃത്വം കൊടുത്തത്. കേരളത്തിലെ നിരവധി പഞ്ചായത്തുകളില്‍ യുഡിഎഫ് – എല്‍ഡിഎഫ് ധാരണ രൂപപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടിലടക്കം ഇതാണ് അവസ്ഥ. ഇവിടെയെല്ലാം എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ബിജെപിയെ തോല്പിക്കാന് കൈ കോര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങളെ തോല്പിക്കാനായി വോട്ട് മറിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു. സമാന നിലപാട് സ്വീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം കോണ്‍ഗ്രസ് തകര്‍ന്നു. മൂന്ന് മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരും. ഞങ്ങള്‍ വെറുതെയിരിക്കും എന്ന് കരുതേണ്ട. പല കൊലകൊമ്ബന്മാരും കേരള നിയമസഭാ കാണില്ലെന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണ് . പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. നിങ്ങള്‍ ഒത്തുകളിച്ചെങ്കില്‍ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങള്‍ ചെയ്യുമെന്നും സുരേന്ദന് മുന്നറിയിപ്പ് നല്കി.