തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
അതേസമയം, കോഴിക്കോട്ട് ഷിഗെല്ല രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ട്. എന്നാല്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു.
കോഴിക്കോട് കോട്ടാംപറമ്ബില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്.