കോട്ടയം: കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിനെ പിന്തുണക്കും. ഇതോടെ ഇരു മുന്നണികള്‍ക്കും സീറ്റുകള്‍ തുല്യമാകും. നറുക്കെടുപ്പിലൂടെയാണ് അധികാരം ആര്‍ക്കെന്ന് തീരുമാനിക്കുക. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.
52 അംഗ കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫിന് നിലവില്‍ 22 സീറ്റാണ് ഉള്ളത്. ബിന്‍സി സെബാസ്റ്റ്യന്റെ പിന്തുണയുണ്ടെങ്കില്‍ യു.ഡി.എഫിനും 22 സീറ്റാവും. ഇതോടെ നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കുന്നവര്‍ക്ക് നഗരസഭ ഭരണം കൈയാളാം. എന്‍.ഡി.എക്ക് എട്ട് സീറ്റുണ്ട്.
അധ്യക്ഷ സ്ഥാനം നല്‍കുന്നവര്‍ക്ക് പിന്തുണയെന്നായിരുന്നു ബിന്‍സി സെബാസ്റ്റ്യന്റെ നിലപാട്. ബിന്‍സിയുടെ പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടതിന്റെ ഫലമാണ് വിമതയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.