വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ റഷ്യയിലെ അവശേഷിക്കുന്ന രണ്ട് യു.എസ്. നയതന്ത്രകാര്യാലയങ്ങള്കൂടി പൂട്ടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി 20-ന് അധികാരമേല്‍ക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഒരുങ്ങുന്നതിനിടെയാണ് റഷ്യയുമായുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്ന നടപടിക്ക് ട്രംപ് നീങ്ങുന്നത്.
വ്ലാദിവൊസ്തോക്കിലെ കാര്യാലയം അടയ്ക്കുമെന്നും യെകാറ്റെറിന്ബര്ഗിലേതിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും കാണിച്ച് വിദേശകാര്യവകുപ്പ് ഈ മാസം പത്തിന് കോണ്‍ഗ്രസിനു കത്തയച്ചതായി യു.എസ്. മാധ്യമമായ സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.
യു.എസ്. നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ 2017-ലെ റഷ്യയുടെ നടപടിയും തത്ഫലമായി നയതന്ത്ര വിസകളുടെ കാര്യത്തിലുണ്ടായ പ്രശ്നങ്ങളുമാണ് ഇതിനു കാരണമായി വിദേശകാര്യവകുപ്പ് പറയുന്നത്. പൂട്ടുന്ന രണ്ടു നയതന്ത്രകാര്യാലയങ്ങളിലെയും പത്ത് ഉദ്യോഗസ്ഥരോട് മോസ്കോയിലെ യു.എസ്. സ്ഥാനപതി കാര്യാലയത്തിലേക്കു മാറാന്‍ നിര്‍ദേശിക്കും. ഇരു കാര്യാലയങ്ങളിലും ജോലിചെയ്യുന്ന റഷ്യക്കാരായ 33 പേര്‍ക്ക് ജോലിപോകും. ഈ നയതന്ത്രകാര്യാലയങ്ങള്കൂടി പൂട്ടുന്നതോടെ റഷ്യയിലെ അമേരിക്കക്കാരുടെ കാര്യങ്ങള്‍ നോക്കുന്നതിനും ആ രാജ്യവുമായുള്ള ബന്ധം സുഗമമാക്കുന്നതിനും മോസ്കോയിലെ സ്ഥാനപതികാര്യാലയം മാത്രമേയുണ്ടാകൂ.ജനുവരി 20-നുമുമ്ബ് നടപടി പൂര്‍ത്തിയാകുമോ എന്ന് വ്യക്തമല്ല.