പാലാ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ പച്ച തൊട്ടില്ലെങ്കിലും പാലാ നിയോജക മണ്ഡലത്തില്‍ കരുത്തുകാട്ടി എന്‍. ഡി.എ. ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് കടന്നുചെല്ലാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞു. അതേസമയം പാലാ നഗരസഭയിലെ 26 വാര്‍ഡുകളില്‍ കേവലം 7 വാര്‍ഡുകളില്‍ മാത്രമാണ് മത്സരിക്കാന്‍ കഴിഞ്ഞത്.

മുത്തോലി പഞ്ചായത്തിലാണ് എന്‍.ഡി.എ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. പഞ്ചായത്തിലെ ആകെയുള്ള 13 സീറ്റില്‍ ആറിടത്തും വിജയിച്ചു. ബി.ജെ.പി. പാലാ നിയോജക മണ്ഡലം പ്രസിഡന്റുകൂടിയായ ജി. രഞ്ജിത്ത് മീനാഭവന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ എന്‍.ഡി.എ കളത്തിലിറങ്ങിയത്.കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പ് ഭരിച്ച പഞ്ചായത്തിലാണ് ഈ മിന്നും വിജയം.

രാമപുരം പഞ്ചായത്തില്‍ എന്‍. ഡി. എയ്ക്ക് മൂന്ന് അംഗങ്ങളായി. ഇടതു മുന്നണിയില്‍ നിന്ന് കുറിഞ്ഞി വാര്‍ഡ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതും നേട്ടമായി. കൊഴുവനാല്‍ പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകളില്‍ വിജയിച്ചു.

എലിക്കുളം പഞ്ചായത്തില്‍ രണ്ടു അംഗങ്ങളെ വിജയിപ്പിക്കാന്‍ എന്‍. ഡി. എയ്ക്ക് കഴിഞ്ഞു. മേലുകാവില്‍ ഒരു വാര്‍ഡ് വിജയിച്ചപ്പോള്‍ തലപ്പുലം പഞ്ചായത്തില്‍ മൂന്നു അംഗങ്ങളായി. ഭരണങ്ങാനത്ത് ഒരു സീറ്റില്‍ വിജയിച്ച എന്‍.ഡി.എ പ‌ഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തിലും നിര്‍ണായകമായി മാറി.

മീനച്ചില്‍ പഞ്ചായത്തിലും രണ്ടു സീറ്റ് നേടാന്‍ കഴിഞ്ഞതായി എന്‍.ഡി.എ പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ ജി. രണ്‍ജിത്ത് മീനാഭവനും കണ്‍വീനര്‍ ഷാജി പാലായും പറഞ്ഞു.