കൊച്ചി: പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിജയാഘോഷ വേളയില്‍ ‘ജയ് ശ്രിറാം’ ബാനര്‍ ഉയര്‍ത്തിയത് വലിയ പാതകമല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

“ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമന്‍. ആ പ്രതീകം ഒരു വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയര്‍ത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല,” മുരളീധരന്‍ പറഞ്ഞു.

നഗരസഭാ കെട്ടിടത്തിനു മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ന്യായീകരിച്ചിരുന്നു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ ബിജെപിക്ക് മറുപടിയുമായി ഡിവെെഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ബാനര്‍ ഉയര്‍ത്തിയ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയാണ് ഡിവെെഎഫ്‌ഐ പ്രവര്‍ത്തകര്‍ മറുപടി നല്‍കിയത്. ‘ആര്‍എസ്‌എസ് തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച്‌ ഡിവെെഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് ദേശീയ പതാക ഉയര്‍ത്തിയത്. ഡിവെെഎഫ്‌ഐ പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച്‌ നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.