സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഉള്‍പ്പെടുത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളക്കടത്തു സംബന്ധിച്ച്‌ ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്‍ കേസ് വിധി പറയാന്‍ മാറ്റി.

എന്നാല്‍ അന്വേഷണം ദീര്‍ഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാര്‍ഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവന്‍ സ്വര്‍ണവും സമ്ബാദിക്കാനുള്ള ശേഷിയില്ല.

ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേര്‍ന്ന് ലോക്കല്‍ തുറക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുന്‍പു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നല്‍കിയ മൊഴികളും ശിവശങ്കര്‍ 18നും സരിത്ത് 17നും നല്‍കിയ മൊഴികളും മുദ്രവച്ച കവറില്‍ കോടതിക്കു നല്‍കും.