ബംഗളൂരു: കര്‍ണ്ണാടക കോലാറിലെ ഐഫോണ്‍ നിര്‍മാണ ശാലയില്‍ തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ അധികം അസ്വസ്ഥനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.
തായ്വാന് ആസ്ഥാനമായ വിസ്ട്രോണ്‍ കമ്പനിയുടെ കോലാറിലെ ഫാക്ടറിയില്‍ ഡിസംബര്‍ 12നാണ് അക്രമം നടന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ ഫാക്ടറി തല്ലിത്തകര്‍ക്കുകയും ഐഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിക്കുകയുമായിരുന്നു.
ശമ്പളക്കുടിശ്ശിക തീര്‍പ്പാക്കണം, ജോലിസമയം ക്രമീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആക്രമണത്തില്‍ പുറത്ത് നിന്നുള്ള 2000 പേരടക്കം 7000 ആളുകള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വളരെ പ്രധാനപ്പെട്ട വിദേശ കമ്പനിയാണത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയും വളരെ അസ്വസ്ഥനാണെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോടു പ്രതികരിച്ചു. ഞങ്ങള്‍ ആ കമ്ബനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഒരു പ്രശ്നവുമില്ലാതെ അവര്‍ക്ക് ഉത്പാദനം തുടരാന്‍ സാധിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.