തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. സ്പെഷ്യല്തപാല് വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടേകാല്‍ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരും. രാവിലെ 11 നു ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അധികൃതര്‍ പറയുന്നത്.
ഫലം അപ്പപ്പോള്‍ ‘ട്രെന്‍ഡ്’ വെബ്സൈറ്റില്‍ ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.