സന്നിധാനം : കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ കൂട്ടുന്നത് വലിയ ആപത്താകും എന്നാണ് കണക്ക് കൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് മണ്ഡല കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടില്ലെന്നാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ ആണ് പുതിയ തീരുമാനം.
നിലവില്‍ സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരം തീര്‍ത്ഥാടകര്‍ക്കാണ് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മാത്രം പരിശോധനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇത്തവണ ഇരുപത്തിയാറിനാണ് മണ്ഡല പൂജ. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഇരുപത്തിരണ്ടിന് ആറന്മുളയില് നിന്ന് ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് ഡിസംബര്‍ ഇരുപത്തിയഞ്ചിന് ഉച്ചയ്ക്ക് പമ്ബയില്‍ എത്തിച്ചേരും. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.