ഹൈദരാബാദ് : വീട്ടിലെ രഹസ്യ ലാബില്‍ അതിമാരക ലഹരിമരുന്ന് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത പി.എച്ച്‌.ഡി. ബിരുദധാരി പിടിയില്‍ . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. സംഘമാണ് ഇയാളെ ഹൈദരാബാദിലെ വീട്ടില്‍നിന്നും പിടികൂടിയത് . പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മ്യാവൂ-മ്യാവൂ, ഡ്രോണ്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മെഫെഡ്രോണ്‍ ലഹരിമരുന്നാണ് ഇയാള്‍ വീട്ടിലെ രഹസ്യ ലാബില്‍ നിര്‍മിച്ചിരുന്നത്. വിപണിയില്‍ 63 ലക്ഷം രൂപ വിലവരുന്ന 3.15 കിലോ മെഫെഡ്രോണ്‍, ലഹരിമരുന്ന് നിര്‍മിക്കുന്നതിന് ആവശ്യമായ 219 കിലോ അസംസ്കൃത വസ്തുക്കള്‍ എന്നിവ ലാബില്‍നിന്നും പിടിച്ചെടുത്തു . പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12.4 ലക്ഷം രൂപയും 112 ഗ്രാം മെഫെഡ്രോണും കണ്ടെടുത്തിട്ടുണ്ട് .

രസതന്ത്രത്തില്‍ പി.എച്ച്‌.ഡി. ബിരുദം നേടിയ പ്രതി നേരത്തെ ഔഷധ നിര്‍മാണ മേഖലയിലാണ് ജോലിചെയ്തിരുന്നത് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇയാള്‍ 100 കിലോയിലേറെ മെഫെഡ്രോണ്‍ നിര്‍മിച്ച്‌ വില്‍പന നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് . മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയാണ് മെഫെഡ്രോണ്‍ നിര്‍മാണത്തിന് പിന്നിലെന്നും ഇതിലെ പ്രധാനി ഉള്‍പ്പെടെ രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു .