തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണു നടപടി.
ജില്ലയില്‍ കോവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ തുടരണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഡിസംബര്‍ 10 വരെയുള്ള കണക്കു പ്രകാരം 3,381 ആക്ടീവ് കോവിഡ് രോഗികളാണു ജില്ലയിലുള്ളത്. കഴിഞ്ഞ മാസം ഇതേ സമയത്ത് ആക്ടീവ് രോഗികളുടെ എണ്ണം 7,323 ആയിരുന്നു. ഒരു മാസംകൊണ്ട് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പകുതിയില്‍ താഴെയാക്കാന്‍ കഴിഞ്ഞത് രോഗ പ്രതിരോധ സംവിധാനങ്ങളുടെ വിജയമാണ്. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ രോഗവ്യാപനം വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൂടുതലായി സാമൂഹിക ഇടപെടലുകള്‍ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഈ സാഹചര്യത്തെ നേരിടാന്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ഇതു മുന്‍നിര്‍ത്തി ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ (സി.എഫ്.എല്‍.ടി.സി) പ്രവര്‍ത്തനമടക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ 70 ശതമാനത്തോളം ബെഡ്ഡുകള്‍ നിലവില്‍ ഒഴിവുണ്ട്. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സംവിധാനത്തില്‍ത്തന്നെ മെച്ചപ്പെട്ട ചികിത്സ നല്‍കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 310 കോവിഡ് ബെഡ്ഡുകളില്‍ 187 ബെഡ്ഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനറല്‍ ആശുപത്രി ഡിസംബര്‍ 31 വരെ ഡെസിഗ്നേറ്റഡ് കോവിഡ് ആശുപത്രിയായിത്തന്നെ തുടരും. വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് സെന്ററുകളും മാറ്റി സ്ഥാപിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.